വടക്കുംകൂർ മൂകാംബിക ക്ഷേത്രം - അറിവിൻ്റെ അധിദേവത കുടികൊള്ളുന്ന പുണ്യ സങ്കേതം
അജ്ഞാനതമസ്സിന്റെ മഹാദുര്‍ഗങ്ങളില്‍പ്പെട്ട് അലയുന്നവര്‍ക്ക് അക്ഷര ചൈതന്യം പകര്‍ന്ന് അറിവിന്റെ നിറകുടമാക്കുന്ന ശരണാലയങ്ങള്‍ ഈ മണ്ണിലുണ്ട്. മനസ്സിന്റെ നിലവറകളില്‍ പ്രഭചൊരിയുന്ന അനുഗ്രഹമായി നിലകൊള്ളുന്നവ.
വാണിദേവിയുടെ ചൈതന്യം നിറയുന്ന വടക്കുംകൂര്‍ ശ്രീമൂകാംബിക ദേവീ ക്ഷേത്രം വിശ്വാസികള്‍ക്ക് ഈ അനുഗ്രഹാനുഭൂതി പതിറ്റാണ്ടുകളായി പകര്‍ന്നു നല്‍കുകയാണ്.
വൈക്കം നഗരത്തിന്റെ തെക്കുമാറി മൂത്തേടത്ത് കാവ് റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രവുമായി അടുത്ത ബന്ധമുണ്ട്.
വൈക്കം ഉള്‍പ്പെടുന്ന വേമ്പനാട് ദേശം ഭരിച്ചിരുന്ന വടക്കുംകൂര്‍ രാജകുടുംബത്തിലെ ഒരു കാരണവര്‍ കര്‍ണ്ണാടകയിലെ കൊല്ലൂര്‍ സ്ഥിതി ചെയ്യുന്ന അംബാവന മേഖലയില്‍ തന്റെ ഇഷ്ടദേവതയായ സരസ്വതിയെ ധ്യാനിച്ചു തപസ്സു ചെയ്തു.
അദ്ദേഹത്തിന് ദേവീ കടാക്ഷമുണ്ടായി. ദേവീ ചൈതന്യത്തെ ഒരു വാല്‍ക്കണ്ണാടിയില്‍ കുടിയിരുത്തി അദ്ദേഹം സ്വന്തം രാജ്യത്ത് തിരിച്ചെത്തി. വര്‍ഷങ്ങളോളം ആ കണ്ണാടി ബിംബത്തില്‍ ആരാധന നടത്തിവന്നു. തലമുറകള്‍ ആ ബിംബത്തെ യഥാവിധി പൂജനടത്തി പോന്നു.
വടക്കുംകൂര്‍ രാജ്യം തിരുവിതാംകൂറില്‍ ലയിച്ച ശേഷം വൈക്കത്ത് താമസമാക്കിയ പിന്‍ തലമുറക്കാര്‍ ദേവിക്ക് അനുയോജ്യമായ ഒരു ക്ഷേത്രം പണിത് കണ്ണാടി ബിംബം അവിടെ പ്രതിഷ്ഠിച്ചു. ദേവിയെ ഉപാസിച്ച് കൂടെക്കൂട്ടിയ കാരണവര്‍ക്ക് ദേവിക്ക് അഭിമുഖമായി പ്രത്യേകം പ്രതിഷ്ഠ നല്‍കി രക്ഷസ്സായി കുടിയിരുത്തി. ദേവിയെ തൊഴുത് ഇരിക്കുന്ന ഭാവത്തിലാണ് ഈ പ്രതിഷ്ഠ. തെക്കേ മൂലയ്ക്ക് ചിത്രകൂടം ഉള്‍പ്പെടുന്ന സര്‍പ്പ പ്രതിഷ്ഠയും ചെറിയ കാവും ഉണ്ട്.
ഇന്നു കാണുന്ന ക്ഷേത്രത്തിന് ഏകദേശം നൂറു വര്‍ഷത്തെ പഴക്കമുണ്ട്. കുടുംബ ഭരദേവതയായ സരസ്വതിക്കായി രണ്ടേക്കറിനടുത്ത് പ്രത്യേക സ്ഥലം ഭാഗമുടമ്പടിയില്‍ എഴുതിവെച്ചാണ് മുന്‍ തലമുറയിലുള്ളവര്‍ ദേവിക്കായുള്ള നിത്യനിദാന ചെലവിനുള്ള വകയിരുത്തിയത്.
നിത്യവും രണ്ട് നേരത്തെ പൂജയാണ് ഇവിടെയുള്ളത്. കന്നിമാസത്തിലെ നവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. പൂജവെയ്പ്പിനായി നിരവധി പേരാണ് ഇവിടെയെത്തുന്നത്. വിജയ ദശമി ദിനത്തിലെ എഴുത്തിനിരുത്തിനും വിദൂര ദേശങ്ങളില്‍ നിന്നു പോലും വിശ്വാസികള്‍ എത്തുന്നു.
വടക്കുംകൂര്‍ കുടുംബാംഗവും വിഖ്യാത സംസ്‌കൃത പണ്ഡിതനുമായ രാജരാജവര്‍മ്മ രാജയാണ്, അദ്ദേഹത്തിന്റെ ദേവവിയോഗം വരെ ക്ഷേത്രത്തിലെ എഴുത്തിനിരുത്ത് ചടങ്ങിന് നേതൃത്വം നല്‍കിയത്. അദ്ദേഹം ധരിച്ചിരുന്ന പവിത്ര മോതിരം ഉപയോഗിച്ചാണ് ഇന്നും ഈ ക്ഷേത്രത്തില്‍ മുതിര്‍ന്ന കാരണവര്‍മാര്‍ കുട്ടികളെ എഴുത്തിനിരുത്തുന്നത്.
അക്ഷരാത്മികയായ സരസ്വതി ദേവീയുടെ അനുഗ്രഹം കര്‍മ്മനൈരന്തര്യത്തിന് അനിവാര്യമാണ്. പ്രകൃതിയും ശക്തിയും ചേരുന്ന ചൈതന്യത്തിന് നാമാന്തരങ്ങളുണ്ട്. വിശ്വമാകെ നിറയുന്ന ശക്തി ഊര്‍ജ്ജമാണ് ഈ ചൈതന്യം.
ശരത്കാലവും വസന്തകാലവും സംയോജിക്കുന്ന ഋതുവിലെ അഷ്ടമിദിവസമാണ് മഹാകാളി മഹിഷാസുരനെ നിഗ്രഹിച്ചത്. അവിവേകത്തിന്റെ അവതാരമായ മഹിഷാസുരനെ അവസാനിപ്പിച്ച് വിവേകിതമായ വിദ്യയെ പ്രദാനം ചെയ്ത് ജഗത്തിന് ആധാരമായി വര്‍ത്തിക്കുകയാണ് ദേവി. അക്ഷരത്തിന്റെ ഉള്‍പ്പൊരുളായി ബീജാക്ഷരരൂപിണിയായി ഒരോ ജീവനിലും ദേവീ ചൈതന്യം ഉണരുന്നു.
ആദ്യാക്ഷരം കുറിക്കുന്ന വേളയില്‍ അര്‍ത്ഥമായ ഹരിയും വാക്കായ ശ്രീയും എഴുതിയ ശേഷം വാക്കുകള്‍ ഉള്‍പ്പെടുന്ന ഗണങ്ങളുടെ അധിപനായ ഗണപതിയേയും നമിക്കുന്നു. തുടര്‍ന്ന് 'അ' കാരാദി അക്ഷരങ്ങള്‍ ഉണക്കലരിയില്‍ എഴുതുന്നു.
കര്‍മ്മ ശേഷി, കായശേഷി എന്നിവയ്‌ക്കൊപ്പമാണ് വാക്‌ശേഷിയുടെ സ്ഥാനം. ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നിവരാണ് ഈ ശേഷികളെ പ്രതിനിധാനം ചെയ്യുന്നത്.
നവരാത്രിക്കാലത്ത് വ്രതാനുഷ്ഠാനങ്ങളും ഉപാസനയും കൊണ്ട് ഈ ശേഷികളുടെ വര്‍ദ്ധനയാണ് സ്വായത്തമാക്കുന്നത്. അക്ഷര പൂജയും ആയുധ പൂജയും വിദ്യാരംഭവും ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ ദിവസങ്ങളില്‍ നടത്തുന്നു.
മാതൃത്വത്തിന്റെ മഹാപ്രതീകമായ പരാശക്തിയെ പൂജിക്കുക വഴി സര്‍വ്വവിജയവും സ്വന്തമാക്കാന്‍ ഉപാസകന് കഴിയും.
വടക്കുംകൂര്‍ മൂകാംബിക ക്ഷേത്ര സന്നിധിയില്‍ എത്തുന്ന ഏതൊരു ഭക്തനും വിദ്യാദേവിയുടെ അനുഗ്രഹം സാധ്യമാണ്.
108 കദളിപ്പഴം കൊണ്ടുള്ള മഹാത്രിമധുരമാണ് ക്ഷേത്രത്തിലെ മുഖ്യവഴിപാട്. നക്ഷത്ര പൂജ, സാരസ്വതമന്ത്രാര്‍ച്ചന ഉള്‍പ്പടെ മറ്റ് പ്രധാന വഴിപാടുകളുമുണ്ട്. വടക്കുംകൂര്‍ കുടുംബത്തിലെ പുതിയ തലമുറയിലെ അംഗങ്ങളാണ് ക്ഷേത്രനടത്തിപ്പ് കൈകാര്യം ചെയ്യുന്നത്.
ബ്രഹ്മശ്രീ നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരിയാണ് ക്ഷേത്ര തന്ത്രി. ശ്രീ വേണുഗോപാലന്‍ എമ്പ്രാന്തിരി മേല്‍ശാന്തിയാണ്. ക്ഷേത്രത്തിലെത്താന്‍ വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കേനടയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ച് മൂത്തേടത്ത് കാവിലേക്ക് പോവുന്ന വഴിയില്‍ എത്തണം. തോട്ടുവക്കം പാലം പിന്നിട്ടാല്‍ ഇടത് വശത്ത് പൂരക്കുളത്തിന് സമീപമായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
P9QW+5JC, W Gate Rd, Vaikom, Kerala 686141, India
contact@glintsite.com
info@glintsite.com
Phone: (+63) 555 1212
Mobile: (+63) 555 0100
Fax: (+63) 555 0101